ഇംഫാല്‍: രണ്ട് സ്ത്രീകളെ നഗ്നരാക്കി പൊതു ഇടത്തിലൂടെ നടത്തിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പൂരില്‍ നടന്ന വംശീയ അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. എണ്‍പത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇബെത്തോംബി എന്ന വയോധികയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ്. ചുരാചന്ദ് സിങ് ആണ് ഇബെത്തോംബിയുടെ ഭർത്താവ്. മേയ് 28ന് രാത്രിയാണ് ഇവർ കൊല്ലപ്പെട്ടത്. സെറൗ പൊലീസ് സ്‌റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Read more മണിപ്പൂരിലെ വംശഹത്യ ഭയപ്പെടുത്തുന്നത് : പിണറായി വിജയൻ
വീടിനുള്ളിലായിരുന്ന വയോധികയെ പുറത്തുനിന്ന് വാതിൽ അടച്ചുപൂട്ടി അക്രമകാരികൾ വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. നിമിഷനേരംകൊണ്ട് വീടിനുമേൽ തീ ആളിപ്പടർന്നുവെന്നും മുത്തശ്ശിയെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെന്നും ഇവരുടെ കൊച്ചുമകൻ പ്രേംകാന്ത പറഞ്ഞു. മുത്തശിയെ രക്ഷിക്കാന്‍ ശ്രമിച്ച തനിക്കു നേരെ അക്രമികള്‍ വെടിവച്ചുവെന്നും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടതെന്നും പ്രേംകാന്ത പറഞ്ഞു. ഓടി രക്ഷപ്പെട്ടോളൂ, പിന്നീട് എന്നെ രക്ഷിക്കാന്‍ തിരിച്ചുവരണമെന്ന് മുത്തശി ഉറക്കെ വിളിച്ചു പറഞ്ഞു. അതായിരുന്നു അവരുടെ അവസാന വാക്കുകള്‍. തിരിച്ചെത്തിയപ്പോള്‍ മുത്തശിയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മുത്തശ്ശന്‍ എ.പി.ജെ. അബ്ദുല്‍ കലാമിനൊപ്പം നില്‍ക്കുന്ന ചിത്രം നശിക്കാതെ ലഭിച്ചുവെന്നും പ്രേംകാന്ത പറഞ്ഞു.
സെറൗവില്‍ വന്‍ അക്രമവും വെടിവയ്പും ഉണ്ടായ മേയ് 28-നാണ് സംഭവം ഉണ്ടായത്. ഇംഫാലില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് സെറൗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേയ് 3ന് കലാഗം ആരംഭിച്ചതിനു ശേഷം ഇവിടെ തീവച്ചു നശിപ്പിച്ചതും ഭിത്തികളില്‍ വെടിയേറ്റതുമായ വീടുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
മേയ് മാസം മുതലാണ് മണിപ്പുരിലെ കുക്കി വിഭാഗവും മെയ്തി വിഭാഗവും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. മേയ് നാലിനാണ് കുക്കി വിഭാഗത്തില്‍പ്പെട്ട യുവതികളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി അക്രമിക്കുകയും ചെയ്ത സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് രാജ്യവ്യാപകമായി വലിയ പ്രതിഷേധമുണ്ടായത്. ഇതേത്തുടർന്ന് മണിപ്പുരിൽ നടന്ന ക്രൂരമായ കൊലപാതകങ്ങളുടെയും കൂട്ടബലാത്സംഗങ്ങളുടെയും നിരവധി വാർത്തകൾ പുറത്തുവന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം