വിദ്വേഷ പ്രസംഗം: ബിജെപി മുൻ എംഎൽഎ ഗ്യാൻ ദേവ്​ അഹൂജക്കെതിരെ കേസെടുത്തു

gyandev ahuja

ജയ്​പൂർ: രാജസ്​ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി മുൻ എംഎൽഎക്കും ഒമ്പതുപേർക്കുമെതിരെ കേസെടുത്തു​. മുൻ എംഎൽഎ ഗ്യാൻ ദേവ്​ അഹൂജക്കെതിരെയാണ്​ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. കൂട്ടബലാത്സംഗത്തിന്​ ഇരയായ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുന്നതിനിടെയായിരുന്നു വിദ്വേഷ പ്രസംഗം.

ജൂലൈ മൂന്നിന്​ രാജസ്​ഥാനിലെ ആൽവാർ ജില്ലയിലെ ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപന പ്രസംഗം നടത്തുകയും ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മുസ്​ലിം ജന വിഭാഗത്തെ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന്​ എഫ്​ഐആറിൽ പറയുന്നു. ജൂലൈ ഏഴിനായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 

പ്രദേശിക അഭിഭാഷകനായ ആസ്​ മുഹമ്മദ്​ ഖാനിന്‍റെ പരാതിയിലാണ്​ നടപടി. ഗ്രാമത്തിന്​ സമീപം ജൂലൈ 25ന്​ 5000 മുതൽ 10,000 വരെ ആളുകൾ ഒത്തുകൂടുമെന്നും വടി, വാൾ, തോക്ക്​ തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തിൽ പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. 25ന്​ ഹിന്ദു റാലി സംഘടിപ്പിക്കണമെന്നായിരുന്നു ആഹ്വാനം.