ന്യൂ ഡല്‍ഹി: ഹിന്ദിയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന ബിഹാര്‍ മുഖ്യമന്ത്രിയും, ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ പ്രസ്‌താവനയ്ക്ക് എതിരെ സദ്ഗുരു ജഗ്ഗി വാസുദേവ് രംഗത്ത്. ഒരു രാഷ്‌ട്രീയ യോഗത്തിനിടെ ഹിന്ദി പ്രസംഗം മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിതീഷ് കുമാര്‍ രൂക്ഷമായി പ്രതികരിക്കുക കൂടി ചെയ്‌ത പശ്ചാത്തലത്തിലാണ് സദ്ഗുരുവിന്റെ പ്രതികരണം.
“ഹിന്ദുസ്ഥാൻ എന്നാല്‍ ഹിമാലയത്തിനും ഇന്ദു സാഗരത്തിനും ഇടയിലുള്ള ഭൂമി അല്ലെങ്കില്‍ ഹിന്ദുക്കളുടെ നാട് എന്നാണ് അര്‍ത്ഥമാക്കുന്നത് അല്ലാതെ ഹിന്ദി ഭാഷയുടെ നാടല്ല.” സദ്ഗുരു എക്‌സില്‍ പങ്കുവച്ച ഒരു പോസ്‌റ്റിലൂടെ അറിയിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും തുല്യപദവി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ മാനിക്കണമെന്നും അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് ഹിന്ദി ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് എതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന സമയത്താണ് സദ്ഗുരുവിന്റെ പ്രതികരണം.
“സ്വന്തം ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി സംസ്ഥാനങ്ങള്‍ രാജ്യത്ത് ഉള്ളതിനാല്‍ അത്തരം നിന്ദ്യമായ പ്രസ്‌താവനകള്‍ ഒഴിവാക്കണമെന്ന് ബഹുമാനപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു” ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവ് തന്റെ പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ ഡിഎംകെ നേതാവ് ടിആര്‍ ബാലുവിന് നിതീഷ് കുമാര്‍ ഹിന്ദിയില്‍ നടത്തിയ പ്രസംഗം മനസിലാക്കാൻ കഴിയാതെ വന്നതോടെ മൊഴിമാറ്റത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. ആര്‍ജെഡി നേതാവ് മനോജ് ജാ പരിഭാഷ നടത്താമെന്ന് അറിയിച്ചെങ്കിലും നിതീഷ് ഇതിന് അനുവദിച്ചില്ല.
Read also : പാർലമെൻ്റ് അക്രമത്തിൽ കര്‍ണാടകയിലെ മുന്‍ ഡിഎസ്പിയുടെ മകന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍
“നമ്മള്‍ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നും ഹിന്ദിയെ നമ്മുടെ ദേശീയ ഭാഷ എന്നും വിളിക്കുന്നു. നമുക്ക് ഭാഷ എന്തായാലും അറിയണം.” ഇതിനോട് ബന്ധപ്പിച്ചു കൊണ്ട് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രതികരണം വിവാദമായിരുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കലിന് എതിരെ ശക്തമായി എതിര്‍പ്പുന്നയിക്കുന്ന ഡിഎംകെ കൂടി ഭാഗമായി സഖ്യ യോഗത്തില്‍ ഇത്തരമൊരു പ്രസ്‌താവന വന്നത് വലിയ രീതിയില്‍ വിവാദമായിരുന്നു.
നേരത്ത ആഭ്യന്തര മന്ത്രി അമിത് ഷായും ഡിഎംകെ നേതാക്കളും തമ്മില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട വലിയ വാഗ്വാദം നടന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നടക്കില്ലെന്നും എല്ലാ പ്രാദേശിക ഭാഷകളും സംരക്ഷിക്കപ്പെടണമെന്നും ആയിരുന്നു ഡിഎംകെ നിലപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു