ബിഷ്ണോയി സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തി ; ലോറൻസ് ബിഷ്ണോയിയുടെ ‘ടോപ് 10’ ഹിറ്റ്‌ലിസ്റ്റിൽ സൽമാൻ ഖാനും

google news
salman khan

ന്യൂഡൽ‌ഹി ∙ ജയിലിൽ‌ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ‘ടോപ് 10’ ഹിറ്റ്‌ലിസ്റ്റിൽ ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനും. ദേശീയ അന്വേഷണ ഏജൻസിയോടാണ് (എൻഐഎ) ലോറൻസ് ബിഷ്ണോയിയുടെ വെളിപ്പെടുത്തൽ. ബിഷ്ണോയി സമുദായത്തെ ‘അപമാനിച്ചതാണ്’ സൽമാനെ ഹിറ്റ്‌ലിസ്റ്റിൽ പെടുത്താൻ കാരണമെന്നും ലോറൻസ് പറഞ്ഞു.

1998ൽ സൽമാൻ ഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയിരുന്നു. ബിഷ്ണോയി സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാൽ‌ സൽമാനെ കൊല്ലണമെന്നും ലോറൻസ് പറഞ്ഞതായാണു റിപ്പോർട്ട്. നിർദേശം നടപ്പാക്കാനായി കഴിഞ്ഞ ഡിസംബറിൽ തന്റെ സഹായി സമ്പത്ത് നെഹ്റ, സൽമാന്റെ മുംബൈയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറൻസ് വെളിപ്പെടുത്തി. സമ്പത്ത് നെഹ്റയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 11ന് സൽമാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നതായി മുംബൈ പൊലീസ് പറഞ്ഞു. ഇമെയിലിൽ ഭീഷണിസന്ദേശം അയച്ചതിന് ഒരാൾ കസ്റ്റഡിയിലായി. ജീവനു ഭീഷണിയുള്ളതിനാൽ താരത്തിന് വൈ പ്ലസ് സുരക്ഷയാണു മുംബൈ പൊലീസ് ഒരുക്കിയിട്ടുള്ളത്. നിരവധി കേസുകളിൽ പ്രതിയായ ലോറൻസ് ബിഷ്ണോയി നിലവിൽ തിഹാർ ജയിലിലാണ്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്ണോയിക്ക് പുറമെ ഇളയ സഹോദരൻ അൻമോൾ ബിഷ്ണോയിയും പ്രതിയാണ്. 

1998 ഒക്ടോബർ ഒന്നിനു ജോധ്പുരിനു സമീപം നടന്ന മൃഗവേട്ടയുമായി ബന്ധപ്പെട്ട് 2018 ഏപ്രിലിൽ സൽമാൻ ഖാന് കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഒപ്പം പ്രതിചേർക്കപ്പെട്ടിരുന്ന താരങ്ങളായ െസയ്ഫ് അലി ഖാൻ, തബു, നീലം കോഠാരി, സൊണാലി ബേന്ദ്ര എന്നിവരെ വേണ്ടത്ര തെളിവുകളില്ലാത്തതിനെ തുടർന്നു കുറ്റവിമുക്തരാക്കി.
 

Tags