
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മെയ് 28 ന് നടക്കും. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു. രണ്ടാം മോദി സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം.
വരുന്ന വർഷകാല സമ്മേളനം പുതിയ മന്ദിരത്തിലായിരിക്കും. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ക്ഷണിക്കാൻ ധാരണയായിട്ടുണ്ട്. 2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നിർമാണം ആരംഭിച്ചത്. സെൻട്രൽ വിസ്ത വികസന പദ്ധതിക്ക് കീഴിൽ 64,500 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ ത്രികോണാകൃതിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ 888 ഇരിപ്പിടങ്ങളുള്ള ലോക്‌സഭാ ചേംബറും (3015 ചതുരശ്ര മീറ്റർ) 384 ഇരിപ്പിടങ്ങളുള്ള രാജ്യസഭാ ചേംബറുമുണ്ട് (3220 ച. മീറ്റർ). 2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരം 970 കോടി രൂപയോളം ചെലവിട്ടാണ് പൂർത്തിയാക്കുന്നത്.
മൂന്ന് പ്രധാന കവാടങ്ങൾ, ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമ്മിച്ച ഭരണഘടന ഹാൾ, വി.വി.ഐ.പികൾക്കും മന്ത്രിമാർക്കും എം.പിമാർക്കും ഭക്ഷണശാല ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയടങ്ങുന്നതാണ് പുതിയ പാർലമെന്റ് മന്ദിരം.