ചൈനയുടെ ബഫർസോൺ ആവശ്യം തള്ളിക്കളഞ്ഞ് ഇന്ത്യ

google news
india china

ദില്ലി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ സ്ഥലങ്ങളിലെ അവകാശ തര്‍ക്കം തുടരുന്നതിനിടെ ഡേപ്സാംഗ്, ഡേംചോക്ക് മേഖലകളിലെ പട്രോളിംഗ് പുനഃരാരംഭിക്കുന്നതില്‍ ഉറച്ച സമീപനവുമായി കരസേന രംഗത്ത്. ഡെപ്‌സാങ്ങിലെ പട്രോളിംഗിനുള്ള ഇന്ത്യയുടെ അവകാശങ്ങൾ ചൈന പുനഃസ്ഥാപിക്കണമെന്നും കരസേന ആവശ്യമുയർത്തി. ഇന്ത്യയുടെ അധികാര പരിധിയിലുള്ള സ്ട്രാറ്റജിക് മേഖലകളില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ചൈനീസ് സേന കടന്നുകയറിയെന്ന മാധ്യമ വാര്‍ത്തകള്‍ ഇന്ത്യന്‍ കരസേന തള്ളികളഞ്ഞു. ചൈനയുമായി മുഖാമുഖം വരുന്ന ഇന്ത്യന്‍ സേനയുടെ മേഖലകളില്‍ അല്പം പോലും മാറ്റമുണ്ടായിട്ടില്ലെന്നാണ് കരസേനാ വൃത്തങ്ങള്‍, മാധ്യമ റിപ്പോർട്ടുകളോടുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. പിപ്പിൾസ് ലിബറേഷൻ ആ‌ർമി ( പി എൽ എ) യുടെ ബഫർ സോൺ ആവശ്യവും ഇന്ത്യ തള്ളിക്കളഞ്ഞു.

2020 ഏപ്രിലിന് ശേഷമുള്ള തല്‍സ്ഥിതിയില്‍ മാറ്റമില്ലെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. സേനയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ചൈനയുമായി നയതന്ത്രപരമായും സൈനികപരമായുമുള്ള ചര്‍ച്ചകളാണ് ഇവ. പരമ്പരാഗത പട്രോളിംഗ് മേഖലകളിലെ പട്രോളിംഗ് പുനഃരാരംഭിക്കുന്നത് അടക്കമുള്ളവയാണ് ഇവയെന്നും സേനാവൃത്തങ്ങള്‍ പറയുന്നു. നിലവില്‍ ഗാല്‍വാന്‍, പാംഗോങ് സോ അടക്കമുള്ള മേഖലകളില്‍ നിന്ന് സൈന്യത്തേയും ആയുധങ്ങളും പിന്‍വലിച്ച നിലയാണ്. യഥാർത്ഥ നിയന്ത്രണ രേഖ (എല്‍ എ സി) യിലെ ഇന്ത്യയുടെ അവകാശങ്ങളെ ബാധിക്കുന്നതല്ല സേനയുടെ പിന്മാറ്റമെന്നും സമവായ ശ്രമങ്ങളുടേ ഭാഗമായായിരുന്നു ഈ മേഖലകളിലെ സേനാ പിന്മാറ്റമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കി.

Tags