ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ചടങ്ങില്‍ ബിജെപിയില്‍ ലയിച്ചു. മാറി മാറി ഭരിച്ച കോണ്‍ഗ്രസും സിപിഎമ്മും കേരളത്തെ അഴിമതിയുടേയും അക്രമത്തിന്റേയും നാടാക്കിമാറ്റി. എങ്ങനെ ആളുകളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാമെന്നാണ് ഇരു മുന്നണികളും നോക്കുന്നത്.
വോട്ടിന്റെ അടിസ്ഥാനത്തിലല്ല കേന്ദ്രസര്‍ക്കാര്‍ കേരളത്തെ കാണുന്നത്. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഇരട്ട അക്കത്തില്‍ ബിജെപിക്ക് വോട്ട് വിഹിതം നല്‍കിയെങ്കില്‍, വരുന്ന തിരഞ്ഞെടുപ്പില്‍ അത് ഇരട്ട അക്കത്തില്‍ സീറ്റായി മാറും. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതിരുന്നിട്ടും കേന്ദ്രം കേരളത്തിനു മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ബിജെപി കേരളത്തെയോ മറ്റു സംസ്ഥാനങ്ങളെയോ വോട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ടിട്ടില്ല. ബിജെപി ദുര്‍ബലമായിരുന്ന കാലത്തും കേരളത്തെ ശക്തിപ്പെടുത്തുന്നതില്‍ പാര്‍ട്ടി പങ്കാളികളായിരുന്നു.
മോദിയുടെ മൂന്നാം സര്‍ക്കാര്‍ വരുമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നു. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. അതാണ് മോദിയുടെ ഗ്യാരന്റി. 25 കോടി ജനങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്ന് മുകളിലെത്തിച്ചു. ഇനിയും ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കുകയാണ് മോദിയുടെ ഗ്യാരന്റി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നോട്ടുപോകലിന് ഊന്നല്‍ നല്‍കും. സാധാരണക്കാരായ കുട്ടികള്‍ക്ക് പുതുവഴി തുറക്കും. അതാണ് മോദിയുടെ ഗ്യാരന്റി. കേരളത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും. അതാണ് മോദിയുടെ ഗ്യാരന്റി. 50 ലക്ഷം മുദ്രാലോണുകള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നല്‍കി. സ്ത്രീകള്‍ക്കാണ് ഈ ലോണ്‍ കൂടുതലും പ്രയോജനപ്പെട്ടത്. കേരളത്തിന്റെ വികസനത്തിന് ബിജെപി എല്ലാകാലത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന പരിഗണന കേരളത്തിനും കിട്ടുന്നു എന്നുറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന കാര്യം പ്രതിപക്ഷം ഉറപ്പാക്കിയിരിക്കുകയാണ്. പരാജയം മുന്നില്‍ കണ്ട് അവര്‍ക്ക് സമനില തെറ്റി. കേരളം ഇത്തവണ എന്‍ഡിഎയ്ക്ക് പിന്തുണ നല്‍കും. 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള തിരഞ്ഞെടുപ്പായി മാറും. കോണ്‍ഗ്രസ് മുന്നണി നാടിനെ പതിറ്റാണ്ടുകളായി ഒറ്റ കുടുംബത്തിനായി അടിയറവ് വച്ചു. കുടുംബത്തിന്റെ താല്‍പര്യമായിരുന്നു ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ കോണ്‍ഗ്രസിനു വലുത്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ മാര്‍ഗത്തിലാണ് സിപിഎമ്മും നീങ്ങുന്നത്. കേരളം വിട്ടാല്‍ കോണ്‍ഗ്രസും സിപിഎമ്മും അടുത്ത സുഹൃത്തുക്കളാണ്.
തിരുവനന്തപുരത്ത് പറയുന്ന ഭാഷയും രീതികളുമല്ല ഡല്‍ഹിയിലെത്തിയാല്‍. അതിനു കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കും. കോണ്‍ഗ്രസും കമ്യൂണിസ്റ്റും കേരളത്തെ അഴിമതിയുടെയും അക്രമത്തിന്റെയും നാടാക്കി. എങ്ങനെ ആളുകളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാമെന്നാണ് ഇരു മുന്നണികളും നോക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഓരോ തവണ കേരളത്തില്‍ വരുമ്പോഴും അദ്ദേഹത്തിന് അനുകൂലമായി ജനങ്ങളുടെ മനസ് മാറുകയാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇടതു-വലതു രാഷ്ട്രീയം കേരളത്തില്‍ അവസാനിക്കുകയാണ്. മോദിയുടെ വികസന രാഷ്ട്രീയമാണ് കേരളത്തില്‍ ജയിക്കാന്‍ പോകുന്നത്. മോദിയുടെ ഗ്യാരന്റിയാണ് കേരളം ചര്‍ച്ച ചെയ്യുന്നത്.
കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. കേരളം എന്നും സ്നേഹം നല്‍കി. ഇത്തവണ മലയാളികള്‍ക്ക് കൂടുതല്‍ ആവേശം കാണുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകള്‍ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക