ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കാനുള്ള പുനഃപരിശോധന ഉത്തരവുകൾ അലമാരയിൽ സൂക്ഷിക്കാനുള്ളതല്ലെന്നും പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി. ഇക്കാര്യത്തിലെ തീരുമാനങ്ങൾ അറിയിക്കാൻ ജമ്മു-കശ്മീരിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ കെ.എം. നടരാജിന് ബെഞ്ച് രണ്ടാഴ്ച സമയം അനുവദിച്ചു. ‘ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷണൽസ്’ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച്.
Read also: തേജസ്വി യാദവിനെ ഇ.ഡി ചോദ്യം ചെയ്തു
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതി ജമ്മു-കശ്മീരിലെ ഇന്റർനെറ്റ് നിയന്ത്രണം സംബന്ധിച്ച് പാസാക്കിയ പുനഃപരിശോധന ഉത്തരവുകൾ പ്രസിദ്ധീകരിക്കണമെന്നാണ് ഫൗണ്ടേഷൻ ആവശ്യം. സമിതിയുടെ നിഗമനങ്ങൾ പ്രസിദ്ധീകരിക്കണമെന്നില്ല. എന്നാൽ, ഉത്തരവ് പുറത്തുവിടണം-കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ദേശീയ സുരക്ഷയും മനുഷ്യാവകാശങ്ങളും തമ്മിൽ സന്തുലിതത്വം വേണമെന്ന് ചൂണ്ടിക്കാട്ടി 2020 മേയിലാണ് ജമ്മു-കശ്മീരിൽ ഫോർ ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഹരജികൾ പരിഗണിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രൂപവത്കരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
















