ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

google news
jellykettu

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് നിയമവിധേയമാക്കിക്കൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമം ശരിവെച്ച് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 

ജല്ലിക്കെട്ട് നിയമവിധേയമാക്കിയതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ 'പെറ്റ' ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നീ നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍.

സംഘടനകളുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. മൃഗങ്ങളോട് ക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ചാണ് 2014 ല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചത്. 


 

Tags