ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയായിരുന്നു അടിയന്തര പരിഗണനയെന്നാവശ്യത്തോടെയുള്ള മൊയ്ത്രയുടെ ഹർജി.
സഭാംഗത്വം ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി വ്യവസായിയിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്ന ആരോപണത്തെ പ്രതിയുള്ള എത്തിക്സ്സ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് ടിഎംസി അംഗത്തിൻ്റെ പുറത്താക്കലിൽ കലാശിച്ചത്. ഇതിനെതിരെയാണ് ടിഎംസി നേതാവ് സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ എട്ടിന് ലോക്‌സഭയിൽ നടന്ന ചൂടേറിയ ചർച്ചയ്ക്ക് ശേഷം പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി യാണ് ടിഎംസി അംഗം മഹുവ മൊയ്ത്ര എംപിയെ സഭയിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെ പ്രമേയം പാസ്സാക്കപ്പെട്ടു.
അംഗീകൃതമല്ലാത്ത വ്യക്തിയുമായി സഭയുടെ ലോഗിൻ ക്രെഡൻഷ്യലും പാസ്‌വേഡും പങ്കുവെയ്ക്കപ്പെട്ടത് ദേശീയ സുരക്ഷക്ക് വിരുദ്ധമാണ്. ഇത് അധാർമ്മികമായ പെരുമാറ്റമാണ്. സഭയെ അവഹേളിച്ചതിനു തതുല്യമാണ്. ഇത്തരത്തിലുള്ള കണ്ടെത്തലുകൾ നിരത്തിയുള്ള എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കപ്പെട്ടതിനെ തുടർന്ന് സർക്കാർ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെയാണ് പാർലമെന്റിൽ ആദ്യതവണ അംഗമായിയെത്തിയ മൊയ്ത്രക്ക് അംഗത്വം നഷ്ടമായത്.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ഉയർത്തിയ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് എത്തിക്സ് കമ്മറ്റി പാനൽ രൂപികരിക്കപ്പെട്ടത്. ആരോപണത്തെക്കുറിച്ച് ലോകസഭാ സ്പീക്കർ ഓം ബിർളക്ക് നിഷികാന്ത് ദുബെ പരാതി നൽകി. തുടർന്നാണ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണത്തിന് തുടക്കമായത്. തന്നെ പുറത്താക്കിയ നടപടി “കംഗാരു കോടതി” തൂക്കിക്കൊല്ലുന്നതിന് തുല്യമാണെന്നും പ്രതിപക്ഷത്തെ വരുതിയിലാക്കുന്നതിനു പാർലമെന്ററി പാനലിനെ ആയുധമാക്കുകയാണെന്നും മൊയ്ത്ര ആരോപിച്ചു. മോദി-അദാനി അവിശുദ്ധ ചങ്ങാത്തത്തെ തുറന്നു കാണിക്കുവാൻ സഭാവേദി നിരന്തരം ഉപയോഗിച്ചുവെന്നതാണ് മൊയ്ത്ര അയോഗ്യമാക്കപ്പെട്ടതിൻ്റെ പിന്നാമ്പുറം. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തീരുമാനത്തിനായ് കാത്തിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ.