ന്യൂ ഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.ലോക്സഭാംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് മഹുവക്ക് നോട്ടീസ് നല്‍കിയത്. ജനുവരി ഏഴിനുള്ളില്‍ വസതിയൊഴിയാനാണ് മഹുവക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് ഡിസംബര്‍ 11-നാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഇത് റദ്ദാക്കുകയോ 2024 ലോക്സഭാ ഫലം വരുന്നതുവരെ താമസസ്ഥലം കൈവശം വക്കാൻ അനുവദിക്കുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി കോടതി നാളെ പരിഗണിച്ചേക്കും.
അതേസമയം ലോക്സഭാംഗത്വം റദ്ദാക്കിയത് ചോദ്യം ചെയ്ത് മഹുവ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ജനുവരി മൂന്നിലേക്ക് മാറ്റിയിരുന്നു. കേസില്‍ അടിയന്തരമായി ഇടപെടാൻ വിസമ്മതിച്ച കോടതി മറ്റൊരു പരാമര്‍ശത്തിനും തയ്യാറായില്ല. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് മഹുവയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയത്.