വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് വരന്‍ മരിച്ച സംഭവം; സമ്മാനം നല്‍കിയത് വധുവിന്റെ മുന്‍ കാമുകന്‍

google news
ex arrested

റായ്പൂര്‍: വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് വരനും സഹോദരനും മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹോം തിയേറ്റര്‍ സമ്മാനമായി നല്‍കിയത് വധുവിന്റെ മുന്‍ കാമുകനാണെന്ന്  പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ഹോം തിയേറ്ററിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സമ്മാനങ്ങള്‍ നല്‍കിയവരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹോം തിയേറ്റര്‍ നല്‍കിയത് വധുവിന്റെ മുന്‍ കാമുകന്‍ സര്‍ജു ആണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈര്യാഗത്തിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച് ഹോം തിയേറ്റര്‍ സമ്മാനിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 

അതേസമയം, തിങ്കളാഴ്ച ഛത്തീസ്ഗഢിലെ കവാര്‍ഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മെരാവിയും കുടുംബവും വിവാഹത്തിന് ലഭിച്ച സമ്മാന പൊതികള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനായി ഹെമേന്ദ്ര കണക്ട് ചെയ്ത ശേഷം സ്വിച്ച് ഓണാക്കിയപ്പോഴാണ് സ്‌ഫോടനം നടന്നത്. വരന്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. സഹോദരനായ രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഒന്നര വയസുള്ള കുട്ടിയടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഫോടനത്തില്‍ ഹോം തീയേറ്റര്‍ സൂക്ഷിച്ചിരുന്ന റൂമിലെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നിരുന്നു.

Tags