എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ല. രണ്ടു കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ് ; ഡികെ ശിവകുമാര്‍ ഡല്‍ഹിക്ക് തിരിച്ചു

google news
DK Sivakumar

ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലി ആശയഭിന്നത നിലനില്‍ക്കുന്നതിനിടെ പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഡല്‍ഹിയ്ക്ക് തിരിച്ചു. ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്നും അതനുസരിച്ച് ഡല്‍ഹിയ്ക്ക് പോകുകയാണെന്നും ബംഗലൂരുവില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് ശിവകുമാര്‍ പറഞ്ഞു. 

പാര്‍ട്ടി  ഏല്‍പിച്ച ജോലി കൃത്യമായി ചെയ്തു. തന്നെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന രീതിയില്‍ എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ല. രണ്ടു കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാല്‍ എല്ലാവരെയും ഒന്നായി കാണുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. 

പാര്‍ട്ടി ഇല്ലെങ്കില്‍ നേതാക്കള്‍ വട്ടപ്പൂജ്യമാണ്. അണികളുണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവര്‍ത്തകര്‍ തന്നോടൊപ്പമുണ്ട്. ഒന്നിലും ആശങ്കയില്ല. ബിപി ഇപ്പോള്‍ നോര്‍മലാണ്. യോഗ്യനെങ്കില്‍ പാര്‍ട്ടി അധിക ചുമതലകള്‍ നല്‍കും. ആരെയും പിന്നില്‍ നിന്ന് കുത്താനില്ല. ആരെയും ബ്ലാക്ക് മെയില്‍ ചെയ്യില്ല. പാര്‍ട്ടി അമ്മയെ പോലെയാണ്. മകന് ആവശ്യമായത് നല്‍കുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

പനിയും വയറിന് സുഖമില്ലാത്തതും കാരണമാണ് ഇന്നലെ ഡല്‍ഹി യാത്ര റദ്ദാക്കിയതെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലെത്തുന്ന ശിവകുമാറുമായി മുതിര്‍ന്ന നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ ചര്‍ച്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച സിദ്ധരാമയ്യ ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. 

കര്‍ണാടകയില്‍ പാര്‍ട്ടി നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായങ്ങളടങ്ങിയ റിപ്പോര്‍ട്ട് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നൽകി. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ഖാര്‍ഗെ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് സിദ്ധരാമയ്യയേയും ശിവകുമാറിനേയും വിളിച്ച് വരുത്തി ചർച്ച നടത്തിയശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക. 

Tags