‘മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല`; വിമർശിച്ച് കേന്ദ്രധനമന്ത്രി നിർമലയുടെ ഭർത്താവ്

google news
modi

ന്യൂഡൽഹി ∙ രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും മുച്ചൂടും തകർത്ത ഭരണമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്നു സാമ്പത്തികവിദഗ്ധനും ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പറക്കാല പ്രഭാകറിന്റെ പുതിയ പുസ്തകത്തിൽ വിമർശനം. 

വികസനത്തിന്റെ പേരിൽ ഹിന്ദുരാഷ്ട്രമെന്ന അജൻഡ ഒളിച്ചു കടത്തുകയായിരുന്നു കഴിഞ്ഞ 9 വർഷമായി നരേന്ദ്ര മോദിയും ബിജെപിയുമെന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദ് ക്രൂക്കഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന ലേഖനസമാഹാരത്തിൽ പറയുന്നു. 

പുസ്തകത്തിൽ കണക്കുകളും മറ്റും നിരത്തി അവതരിപ്പിക്കുന്ന പ്രധാന നിരീക്ഷണങ്ങൾ: 

 • ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്‌വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല. 
 • ∙ വ്യാജപ്രചാരണങ്ങൾകൊണ്ട് ഓട്ടയടയ്ക്കുകയാണ് ഭരണകൂടവും അണികളും. 
 • ∙ 1990കൾക്കുശേഷം ദാരിദ്ര്യരേഖയ്ക്കു കീഴിലേക്ക് ഏറ്റവും കൂടുതൽപ്പേരെ തള്ളിവിട്ട ഭരണമാണിത്. 
 • ∙ വിവിധ സൂചികകളിൽ ഇന്ത്യ പിന്നാക്കം പോയതു മറച്ചുവയ്ക്കുന്നു. 
 • ∙ 2016 മുതൽ രാജ്യത്തെ തൊഴില്ലായ്മയെക്കുറിച്ചു സർക്കാർ കണക്കുകൾ പുറത്തുവിടുന്നില്ല. 
 • ∙ വികസന വാഗ്ദാനങ്ങളെല്ലാം കാറ്റിൽപ്പറത്തി ഗൂഢഅജൻഡകൾ നടപ്പാക്കുന്നു. 
 • ∙ പുതിയ യുഗം കൊണ്ടുവന്നെന്നു നേതാവിനെ അന്ധമായി ആരാധിക്കുന്ന അണികൾ വിശ്വസിക്കുന്നു. 
 • ∙ സർക്കാരിനെ ഉപദേശകർ നോട്ടുനിരോധനം പോലെ സമ്പദ്‌വ്യവസ്ഥയെ തകർത്ത തീരുമാനങ്ങളിലേക്കു നയിക്കുന്നു. 
 • ∙ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പണം വാരിയെറിഞ്ഞ് അട്ടിമറിക്കുന്നു. തിരഞ്ഞെടുപ്പുകളെ പരിഹാസ്യമാക്കുന്നു. 
 • ∙ സ്വച്ഛഭാരത് പോലെ പല മുദ്രാവാക്യങ്ങളുണ്ടാക്കി പ്രചണ്ഡമായ പ്രചാരണങ്ങൾ നടത്തുന്നു. അത്തരം പദ്ധതികളിൽ ഒന്നും നടക്കുന്നില്ല. 
 • ∙ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയിൽ 79% ചെലവിട്ടത് പരസ്യത്തിനായിരുന്നുവെന്ന കണക്കുകൾ പുറത്തുവന്നിട്ടും ആ രീതിക്കു മാറ്റമില്ല. 
 • ∙ യുവതലമുറയിൽ അന്ധമായ ആരാധനയും സൈനികവാദവും ആക്രമണോത്സുകമായ മതചിന്തയും കുത്തിവക്കുന്നു. 
 • ∙ പരമോന്നത നേതാവു പറയുന്നതു മാത്രം ശരിയെന്നു വിശ്വസിക്കുന്നവരെ വളർത്തിയെടുത്തു. 
 • ∙ അന്വേഷണഏജൻസികളെയും പൊലീസിനെയും ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുന്നു. മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നു, ഭീഷണിപ്പെടുത്തുന്നു. 
 • ∙ പൊതുസമൂഹത്തോട് യുദ്ധം ചെയ്യാൻ ജുഡീഷ്യറിയെയും കൂട്ടുപിടിക്കുന്നു. 
 • ∙ സ്വന്തം ജനങ്ങളോടു യുദ്ധം ചെയ്യുന്ന സർക്കാർ അതിർത്തിയിൽ ചൈന നടത്തുന്ന കയ്യേറ്റങ്ങളെക്കുറിച്ചു മിണ്ടുന്നില്ല. 
 • ∙ ആസൂത്രണ ബോർഡിനു പകരം കൊണ്ടുവന്ന നിതി ആയോഗ് ഒരു ക്രിയാത്മകനിർദേശവും മുന്നോട്ടു വയ്ക്കുന്നില്ല. 

Tags