എൻ.ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി

google news
chandrababu
 അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ
മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ എൻ.ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിലേക്ക് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ജയിലിൽ നായിഡുവിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകനായ സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. എന്നാൽ, ജയിൽ ആയിരിക്കും സുരക്ഷിതമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എൻഎസ്ജി സുരക്ഷ വീട്ടിൽ നൽകാൻ സാധിച്ചേക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആവശ്യം തള്ളിയതിനെ തുടർന്ന് നായിഡു ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി ഇന്ന് പരിഗണിക്കും.
വർഷങ്ങളായി സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് നായിഡു. എൻഎസ്ജി കമാൻഡോ സംഘമാണ് സുരക്ഷയൊരുക്കുന്നത്. നൈപുണ്യ വികസന പദ്ധതിയിലെ 370 കോടി രൂപയുടെ കുംഭകോണവുമായി ബന്ധപ്പെട്ടാണ് ആന്ധ്ര സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.