ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിനാണ് നടപടി.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത്ത് ലൈംഗികച്ചുവയോടെ അധിക്ഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യൽ മീഡിയ വഴി പ്രതികരിച്ചതിനാണ് പോലീസ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.

















