പുതിയ പാര്‍ലമെന്‍റ് മന്ദിരം; ഉദ്ഘാടനം മോദി തന്നെ, ‘ചെങ്കോൽ’ സ്ഥാപിക്കും

google news
new parlament

ദില്ലി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചെങ്കിലും, പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ച ശേഷം നടന്ന അധികാര കൈമാറ്റ വേളയിൽ പ്രഥമ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ, സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോൽ’ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള തീരുമാനം അഭിമാനവും ആഹ്ലാദവും നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചോളരാജാക്കൻമാരുടെ കാലത്ത് ധർമത്തിലധിഷ്ഠിതവും നീതിപൂർണവുമായ ഭരണത്തിൻ്റെ പ്രതീകമായിരുന്നു ചെങ്കോൽ.

ധർമ ഭരണത്തിൻ്റെ അടയാളമായ ചെങ്കോൽ സ്ഥാപനം ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത് നീതിനിഷ്ഠമായ ഭരണവും ഭരണാധികാരികളെയുമാണ്. ഒപ്പം ഭാരതത്തിൻ്റെ ഊർജ്ജസ്വലമായ സംസ്കാരത്തോടും സമ്പന്നമായ പൈതൃകത്തോടും ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവിനെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ, ഗംഗാജലത്തിൽ അഭിഷേകം ചെയ്ത ശേഷം ഏറ്റുവാങ്ങിയ ചെങ്കോൽ മുദ്രയ്ക്ക് കീഴിൽ, മോദിയുടെ നേതൃത്വത്തിൽ കൂടുതൽ അഭിവൃദ്ധിയിലേക്ക്, ആത്മനിർഭരതയിലേക്ക് നമുക്ക് കൈകോർത്ത് നീങ്ങാമെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.


 

Tags