ന്യൂഡൽഹി∙ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിലെ നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തി എന്നിവരെ 7 ദിവസം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ഇരുവരെയും കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫിസിലും ഇവരുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഇന്നലെ നടന്ന പരിശോധനയിൽ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു. ന്യൂസ് ക്ലിക്ക് ഓഫിസ് സീൽ ചെയ്തു. മാധ്യമപ്രവർത്തകരായ ഉർമിലേഷ്, പരഞ്ജോയ് ഗുഹ താക്കുർത്ത, അബിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, ചരിത്രകാരനും എഴുത്തുകാരനുമായ സൊഹൈൽ ഹാഷ്മി തുടങ്ങിയവരെ ലോധി റോഡിലെ പൊലീസ് സ്പെഷൽ സെൽ ഓഫിസിൽ ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു.
ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ന്യൂസ് ക്ലിക്കിനു പണം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കു പിന്നാലെ ഓഗസ്റ്റ് 17നു യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹിയിലെ ന്യൂസ് ക്ലിക്ക് ഓഫിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം