ചെന്നൈ ∙ പാമ്പുകടിയേറ്റു മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കിലോമീറ്റർ. തമിഴ്നാട്ടിലെ വെല്ലൂരിലാണു ദാരുണസംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ, ആംബുലൻസുകാർ പാതിവഴിയിൽ ഇറക്കിവിട്ടതോടെയാണു മകളുടെ മൃതദേഹമെടുത്ത് അമ്മയ്ക്കു നടക്കേണ്ടി വന്നത്.
വെല്ലൂർ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ വിജയ്‌യുടെയും പ്രിയയുടെയും മകൾ ധനുഷ്കയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങുമ്പോഴാണു ധനുഷ്കയ്ക്ക് പാമ്പുകടിയേറ്റത്. മാതാപിതാക്കൾ കുട്ടിയുമായി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാൽ എത്താൻ വൈകി. കഷ്ടപ്പെട്ട് ആശുപത്രിയിൽ എത്തിയപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു.
മൃതദേഹം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു. റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കിവിട്ടു. തുടർന്ന് മകളുടെ മൃതദേഹവുമായി പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കിൽ യാത്ര ചെയ്തു. ബൈക്കുകാരനും ഇറക്കിവിട്ടപ്പോഴാണു നടന്ന് വീട്ടിലെത്തിയത്. റോഡ് സൗകര്യം ഇല്ലാതിരുന്നതാണു കുട്ടിയുടെ മരണത്തിനു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു.
കുട്ടിയുടെ രക്ഷിതാക്കൾ ആശാ വർക്കർമാരെ ബന്ധപ്പെട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ മിനി ആംബുലൻസ് ലഭ്യമാക്കുമായിരുന്നെന്നും െവല്ലൂർ കലക്ടർ ദേശീയ മാധ്യമത്തോടു പറഞ്ഞു. 1500 പേരോളം താമസിക്കുന്ന പ്രദേശത്തേക്കു റോഡ് നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കലക്ടർ വ്യക്തമാക്കി. അണ്ണൈകാട്ട് പൊലീസ് കേസെടുത്തു. സംഭവത്തിൽ അഗാധദുഃഖം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, മരണത്തിന്റെ പൂർണ ഉത്തരവാദി സർക്കാരാണെന്ന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു