രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത് വൻ ഐഇഡി ശേഖരം. പൂഞ്ച് ജില്ലയിലെ ദാരാ സംഗ്ല മേഖലയിലാണ് സംഭവം.പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം കിട്ടിയിരുന്നു. തുടർന്നാണ് പ്രദേശത്ത് സുരക്ഷാ സേന പരിശോധന നടത്തിയത്.
ഇതിനിടെയാണ് കുറ്റിക്കാടിന് സമീപമായി ഭീകരരുടെ ഒളിത്താവളം കണ്ടത്. ഇവിടെ നിന്നും ഐഇഡിയ്ക്ക് പുറമേ മറ്റ് ആയുധങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ സുരക്ഷാ സേന വിശദമായി പരിശോധിച്ചുവരികയാണ്. ഏഴ് ഐഇഡികളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഗ്രനേഡുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നു.
ഭീകരർ ഉപയോഗിച്ചിരുന്ന പുതപ്പും മറ്റ് സാധനങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സുരക്ഷാ സേന നശിപ്പിച്ചു. താവളം കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് വിശദമായ പരിശോധന തുടരുകയാണ്.