അയോധ്യയിലെ രാമക്ഷേത്രം: പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍, അഭിമുഖം തുടരുന്നു, പരിശീലനം 6 മാസം, ചുരുക്കപ്പട്ടികയിൽ 200പേർ

google news
aaa

chungath new advt

ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ വിവിധ തസ്തികളിലേക്ക് 3000 ത്തോളം അപേക്ഷകര്‍. അപേക്ഷ നല്‍കിയവരില്‍ 200 പേരെ അഭിമുഖ പരീക്ഷയ്ക്ക് തെരെഞ്ഞെടുത്തു. ഇതില്‍ 20 പേര്‍ക്കാണ് നിയമനം ലഭിക്കുക. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരുടെ അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷ നല്‍കിയ 3000 ത്തോളം പേരില്‍ നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ ആണ് അഭിമുഖത്തിനായി 200 പേരുടെ ചുരുക്ക പട്ടിക തയാറാക്കിയത്.

ചുരുക്ക പട്ടികയില്‍ ഉള്ളവരുടെ അഭിമുഖം അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് പുരോഗമിക്കുകയാണ്. മൂന്നംഗ സമിതിയാണ് അഭിമുഖം നടത്തുന്നത്. വൃന്ദാവനത്തില്‍ നിന്നുള്ള ഹിന്ദു മത പ്രഭാഷകന്‍ ജയ്കാന്ത് മിശ്ര, അയോധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരണ്‍, സത്യനാരായണ ദാസ് എന്നിവരുടെ പാനലാണ് അഭിമുഖം നടത്തുന്നത്.

സന്ധ്യാ വന്ദനം എന്താണ്? അതിന്റെ നടപടിക്രമങ്ങളും മന്ത്രങ്ങളും എന്തൊക്കെയാണ്? ശ്രീരാമനെ ആരാധിക്കുന്നതിനുള്ള മന്ത്രങ്ങള്‍ എന്തൊക്കെയാണ്? അതിനുള്ള കര്‍മ കാണ്ഡം എന്താണ്? തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത്.

അഭിമുഖത്തിന് ശേഷം തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കും. തുടര്‍ന്ന് പൂജാരിമാരുടെ വിവിധ തസ്തികകളില്‍ നിയോഗിക്കും. അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ ഇവരെ പരിഗണിക്കും. വിവിധ മത പണ്ഡിതരും, സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ആണ് പരിശീലനം. പരിശീലന വേളയില്‍ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്‌റ്റൈപ്പന്‍ഡും നല്‍കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു