കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

google news
dk&s

ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനായിരിക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് അന്തിമ തീരുമാനമായത്. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. 

ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപനം നടത്തിയേക്കും. 

ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന വാർത്തകൾ വന്നിരുന്നു. പിന്നാലെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങി. എന്നാൽ വാർത്തകൾ തള്ളിക്കൊണ്ട് ഡികെ ശിവകുമാർ രം​ഗത്തെത്തി. മുഖ്യമന്ത്രി പദം വീതം വെയ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് ഡികെ സ്വീകരിച്ചതോടെയാണ് ഹൈക്കമാന്‍ഡ് കുഴഞ്ഞത്. സത്യപ്രതിജ്ഞയുണ്ടാകില്ലെന്ന വ്യക്തമായതോടെ ബംഗളൂരുവിലെ ഒരുക്കങ്ങള്‍ നിര്‍ത്തിവച്ചു. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യാപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്.
 

Tags