ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമിച്ചു കയറി പുകയാക്രമണം നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ ലളിത് മോഹന്‍ ഝാ അറസ്റ്റിൽ. ബീഹാര്‍ സ്വദേശിയായ ലളിത് ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ത്തവ്യപഥ് പൊലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി. കേസിലെ ആറാം പ്രതിയാണ് ലളിത് ഝാ. പാർലമെന്റ് ആക്രമണത്തിന് ശേഷം രാജസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്നു.
പാർലമെന്റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ലളിത് ഝാ ആണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവം നടക്കുന്ന സമയത്ത് പാർലമെന്റിന്റെ പുറത്ത് ഇയാൾ ഉണ്ടായിരുന്നു. പുക ആക്രമണത്തിന്റെ വീഡിയോ ഇയാള്‍ ചിത്രീകരിക്കുകയും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍ജിഒയുടെ സ്ഥാപകനായ നീലാക്ഷ് എന്നയാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ലളിത് ഝായും നേരത്തെ അറസ്റ്റിലായ നാലു പേരും അടക്കം ആറുപേര്‍ ആസൂത്രണത്തില്‍ പങ്കാളികള്‍ ആയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ലോക്‌സഭയിലെ പുകയാക്രമണത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്തെ ആക്രമണത്തില്‍ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു