നിര്‍ണായകമായത് സോണിയാഗാന്ധിയുടെ ഇടപെടൽ ; ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പ്രധാന വകുപ്പുകളും ഡികെയ്ക്ക്

google news
 Leaders including Siddaramaiah and DK Shivakumar were arrested in Karnataka

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ ഇടപെടലാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകമായത്. സോണിയയുമായുള്ള ചര്‍ച്ചയിലാണ് ഡികെ ശിവകുമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. തവണ വ്യവസ്ഥയിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. 

മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഡികെ. എന്നാല്‍ ശിവകുമാര്‍ വിട്ടുനില്‍ക്കുന്നത് സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കും എന്നതു കണക്കിലെടുത്ത് ഉപമുഖ്യമന്ത്രിയാകണം എന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇക്കാര്യം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ആദ്യടേമില്‍ തന്നെ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലപാട് ഡികെ തുടര്‍ന്നു. രാത്രി സോണിയ നടത്തിയ ഇടപെടലിലാണ് ശിവകുമാര്‍ വഴങ്ങിയത്. കഠിനാധ്വാനം ചെയ്തവര്‍ക്ക് ഫലം അതിന്റെ ഫലം കിട്ടുമെന്ന് സോണിയാഗാന്ധി വ്യക്തമാക്കുകയും ചെയ്തു. ധാരണ അനുസരിച്ച് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. 

സര്‍ക്കാരില്‍ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തരം, നഗരവികസനം, പൊതുമരാമത്ത്, മൈനിങ്, ജലവിഭവം, വൈദ്യുതി തുടങ്ങിയ പ്രധാന വകുപ്പുകളാണ് ശിവകുമാര്‍ ചോദിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട ഒന്നോ രണ്ടോ വകുപ്പുകള്‍ ശിവകുമാറിന് നല്‍കിയേക്കുമെന്നാണ് സൂചന. സര്‍ക്കാരില്‍ ഡികെ ശിവകുമാര്‍ മാത്രമാകും ഉപമുഖ്യമന്ത്രിയാകുക. 

മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ അടക്കം തന്റെ നിലപാട് കൂടി കേള്‍ക്കണമെന്നും ശിവകുമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. രണ്ടാം ടേമില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ഇന്ന് വൈകീട്ട് ബംഗലൂരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ സിദ്ധരാമയ്യയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

പൂര്‍ണ സന്തോഷമില്ലെങ്കിലും കര്‍ണാടക ജനതയ്ക്ക് നല്‍കിയ വാഗ്ദനങ്ങള്‍ പാലിക്കുക എന്ന ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് എംപി പറഞ്ഞു. 

Tags