
ന്യൂ ഡല്‍ഹി: അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയത്.