മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ. ആസാദ് മൂപ്പന്‍

The country should take advantage of medical tourism with proper planning: Dr. Elder Azad

ദുബായ്: മെഡിക്കല്‍ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ന്റെ ഇന്ത്യ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ഹീല്‍ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ചികിത്സാ വൈദഗ്ദ്ധ്യത്തില്‍ ആകൃഷ്ടരായാണ് വിദേശത്ത് നിന്നുള്ള രോഗികളില്‍ ഭൂരിഭാഗവും ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഉന്നതനിലവാരമുള്ള ചികിത്സയാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എബിഎച്ച്, ജെസിഐ മുതലായ ഉന്നതനിലവാരം ഉറപ്പ് വരുത്തുന്ന അംഗീകാരങ്ങള്‍ ലഭിച്ച ആശുപത്രികളില്‍ മാത്രമേ വിദേശത്ത് നിന്ന് ചികിത്സയ്ക്കായി എത്തുന്നവരെ പ്രവേശിപ്പിക്കാവൂ എന്ന് തീരുമാനിച്ചാല്‍ ഈ ലക്ഷ്യം അനായാസേന കൈവരിക്കാന്‍ സാധിക്കും', അദ്ദേഹം പറഞ്ഞു.  

കൂടാതെ അന്താരാഷ്ട്ര സര്‍ക്കാറുകളുമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായും പരസ്പരം ബന്ധം നിര്‍ബന്ധമായും വളര്‍ത്തിയെടുക്കണം. ഇത് ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള യാത്രകളുടെ മൂല്യവും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മേഖലയുടെ സാധ്യതകള്‍ രാജ്യം കൂടുതലായി വിനിയോഗിക്കണമെന്നും, ഇത്തരം മേഖലയിലെ ഔട്ട്‌സോഴ്‌സിംഗ് സെന്ററായി മാറാനുള്ള ഇന്ത്യയുടെ കഴിവ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സാങ്കേതികവിദ്യയുടെ പുരോഗതി കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അടുത്ത പത്ത് വര്‍ഷത്തിനകം ഇന്ത്യയിലിരിക്കുന്ന ഡോക്ടര്‍ക്ക് ആഫ്രിക്കയിലുള്ള രോഗിയില്‍ റിമോട്ട് സാങ്കേതികവിദ്യയിലൂടെ ശസ്ത്രക്രിയ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മെഡിക്കല്‍ ടൂറിസം മേഖലയില്‍ വന്‍ സാധ്യതകള്‍ ഇപ്പോഴും ബാക്കികിടക്കുന്നുണ്ട്. സാധ്യമായ അന്താരാഷ്ട്ര വിപണികളിലെല്ലാം ഇതിനായുള്ള സന്ദേശങ്ങളെത്തിക്കാന്‍ സര്‍ക്കാരും ടൂറിസം മന്ത്രാലയവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും പരിശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.