×

സ്വാമിനാഥന് ഭാരതരത്‌നം കൊടുത്തവരേ, അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു താങ്ങുവില നിയമം

google news
സ്വാമിനാഥന് ഭാരതരത്‌നം കൊടുത്തവരേ, അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു താങ്ങുവില നിയമം

ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ കാര്‍ഷികോത്പങ്ങള്‍ക്ക് താങ്ങുവില എന്ന തത്വം ആദ്യം ഉയര്‍ത്തിപ്പിടിച്ചത് മലയാളിയും ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥനാണ്. അടുത്തിടെ മരണാനന്തര ബഹുമതിയായി മോദി സര്‍ക്കാര്‍ ഭാരതരത്‌നം കൊടുത്ത സ്വാമിനാഥന്റെ ഈ ആശയം കടംകൊണ്ടിരുന്നെങ്കില്‍ കര്‍ഷകരോഷം ഉയരില്ലായിരുന്നു.


2020ല്‍ ഒരു വര്‍ഷത്തോളം നീണ്ട കര്‍ഷക സമരം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെയായിരുന്നു. ഒടുവില്‍ സര്‍ക്കാരിന് കര്‍ഷകര്‍ക്കുമുന്നില്‍ മുട്ടുകുത്തേണ്ടിവന്നു. നിയമമെല്ലാം പിന്‍വലിക്കേണ്ടിവന്നു. അന്ന് കര്‍ഷകസംഘടനകള്‍ ഉന്നയിച്ച ആവശ്യമായിരുന്നു സ്വാമിനാഥന്‍ മുമ്പേ തന്നെ മുന്നോട്ടുവച്ച, താങ്ങുവില ഉറപ്പാക്കാന്‍ നിയമം എന്നത്.


സ്വാമിനാഥന്റെ അധ്യക്ഷതയില്‍ 2004ല്‍ രൂപീകരിച്ച നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഫാര്‍മേഴ്‌സ് എന്ന സമിതി മുന്നോട്ടുവച്ച ഫോര്‍മുല പ്രകാരം കാര്‍ഷികച്ചെലവിന്റെ ശരാശരിയുടെ അമ്പതുശതമാനം ലാഭം ഉണ്ടാകണമെന്നതായിരുന്നു.


ഇപ്പോള്‍ സ്വാമിനാഥന്‍ എന്ന കാര്‍ഷിക ശാസ്ത്രപ്രതിഭയ്ക്ക് ഭാരതരത്‌നം കൊടുക്കാന്‍ കാണിച്ച ആവേശം സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആശയം നടപ്പാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് ദ്രോഹകരമായ നിയമങ്ങളും ചട്ടങ്ങളും അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ പുതിയ ആവശ്യത്തിനു മുന്നില്‍ വഴങ്ങിയിട്ടില്ലെങ്കിലും ഒടുവില്‍ കര്‍ഷകര്‍ സ്വാമിനാഥന്റെ സ്വപ്‌നം സഫലമാക്കുമെന്നു തന്നെയാണ് കരുതുന്നത്.

Tags