നാല് ദിവസമായി ഭീഷണികളും അശ്ലീല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട് ; പരാതിയുമായി സമീർ വാങ്കഡെ

google news
sameer

മുംബൈ∙ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിക്കേസിൽനിന്ന് ഒഴിവാക്കാൻ 25 കോടി രൂപ ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ നൽകിയ ഹർജി ബോംബൈ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെ, തനിക്കും ഭാര്യ ക്രാന്തി റെഡ്കറിനും കഴിഞ്ഞ നാല് ദിവസമായി ഭീഷണിയുണ്ടെന്ന പരാതിയുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ മുംബൈ സോൺ ചീഫ് സമീർ വാങ്കഡെ. കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുവെന്നാണ് പരാതി. ഈ സാഹചര്യത്തിൽ പ്രത്യേക സുരക്ഷ വേണമെന്നും സമീർ വാങ്കഡെ ആവശ്യപ്പെട്ടു.

‘‘എനിക്കും ഭാര്യ ക്രാന്തി റെഡ്കറിനും കഴിഞ്ഞ നാല് ദിവസമായി ഭീഷണികളും അശ്ലീല സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഇന്ന് മുംബൈ പൊലീസ് കമ്മിഷണർക്ക് കത്തുനൽകുകയും പ്രത്യേക സുരക്ഷ ആവശ്യപ്പെടുകയും ചെയ്യും’’– അദ്ദേഹം പറഞ്ഞു. മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറെ കണ്ട് സമീർ വാങ്കഡെ സ്ഥിതിഗതികൾ അറിയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സിബിഐ എഫ്ഐആറിനെതിരായ ഹർജിയിൽ സമീർ വാങ്കഡെയ്ക്ക് ഇന്നു വരെ ബോംബൈ ഹൈക്കോടതി അറസ്റ്റിൽ നിന്നു സംരക്ഷണം അനുവദിച്ചിരുന്നു. എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജ്ഞാനേശ്വർ സിങ്ങാണ് ആരോപണങ്ങൾക്കു പിന്നിലെന്നു ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്. എൻസിബിയുടെ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കൂടാതെ ക്രിമിനൽ ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും വാങ്കഡെയ്ക്കും മറ്റു നാലു പേർക്കുമെതിരെ മേയ് 11നാണ് സിബിഐ കേസെടുത്തത്.

ഷാറുഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ചോദിച്ചെന്നും ആര്യൻ ഖാനെതിരെ കുറ്റം ചുമത്തില്ലെന്ന് വാഗ്ദാനം ചെയ്തെന്നും ആരോപിച്ചാണ് സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഈ കൈക്കൂലി തുകയിൽ 50 ലക്ഷം രൂപ ലഭിച്ചു. കെ.പി.ഗോസാവിയാണ് ഇടപാട് നടത്തിയത്. ആര്യൻ ഖാനൊപ്പമുള്ള കെ.പി.ഗോസാവിയുടെ സെൽഫി വൈറലായിരുന്നു. എന്നാൽ കെ.പി.ഗോസാവി എൻസിബിയുടെ ഉള്ളിലുള്ള ആളല്ലെന്നും സിബിഐ ആരോപിച്ചിരുന്നു.

Tags