ചെന്നൈ: രാഹുൽ ഗാന്ധിയെ തമിഴ്നാട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി). 1991ൽ തൻ്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ നിന്ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ജനവിധി തേടണമെന്നാണ് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ആവശ്യം. ഈ അഭ്യർത്ഥന സംസ്ഥാന പാർട്ടി അധ്യക്ഷൻ കെ.സെൽവപെരുന്തഗൈ രാഹുലിനെ അറിയിച്ചിട്ടുണ്ട്.
രാഹുൽ തമിഴ്നാട്ടിൽ മത്സരിക്കുന്നതിനോട് സഖ്യകക്ഷിയായ ഡിഎംകെയ്ക്കും യോജിപ്പ് ഉണ്ടെന്നാണ് സൂചനകൾ. രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇതുവരെ പുറത്തു വന്ന അഭിപ്രായ സർവേകളും അത് തെളിയിക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകരോട് കഴിഞ്ഞ ദിവസം കെ.സെൽവപെരുന്തഗൈ പറഞ്ഞു.
ഇന്ത്യയിലും തമിഴ്‌നാട്ടിലുടനീളമുള്ള കോൺഗ്രസുകാർ അവരുടെ മണ്ഡലത്തിലും സംസ്ഥാനത്തും ഗാന്ധി മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. ശ്രീപെരുമ്പത്തൂരിൽ രാഹുലിനെ മത്സരിപ്പിക്കാൻ ജില്ലാ കോൺഗ്രസ് പ്രസിഡൻ്റുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീപെരുമ്പത്തൂരിൽ നിന്ന് ജനവിധി തേടാൻ അദ്ദേഹത്തെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഡിഎംകെ ട്രഷററും മുൻ മന്ത്രിയുമായ ടിആർ ബാലുവാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. രാഹുൽ മത്സരിക്കാൻ തയ്യാറായാൽ മണ്ഡലം വിട്ടുകൊടുക്കാൽ ഡിഎംകെ തയാറാണ് എന്ന് അറിയിച്ചതായിട്ടാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമേ യുപിയിലെ അമേഠിയിലും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് അമേഠി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം. രാഹുൽ അമേഠി കൂടി മത്സരിക്കുമെന്നും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ജില്ലയിൽ പ്രസിഡൻ്റ് പ്രദീപ് സിങ്ങ് പറഞ്ഞു. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കഴിഞ്ഞ യുപിയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. അതേസമയം, രാഹുലിൻ്റെയും പ്രിയങ്കയുടെയും കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. ബിജെപിക്കു കരുത്തുള്ള യുപിയിൽ ഇരുനേതാക്കളെയും ഒന്നിച്ചു മത്സരിപ്പിക്കുത് തിരിച്ചടിയാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുട്. യുപിയിൽ ഒരാളെ നിർത്തിയാൽ മതിയെന്ന വാദം പാർട്ടിയിലും. എവിടെ മത്സരിക്കണമെന്ന് ഇരുവരുമാണു തീരുമാനിക്കേണ്ടതെന്നും ഹൈക്കമാൻഡ് നിബന്ധന വയ്ക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കർണാടക, തെലങ്കാന പിസിസികൾക്കും ഇരുവർക്കും സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേഠിയിലും റായ്ബറേലിയിലും ഗാന്ധികുടുംബാംഗങ്ങൾ മത്സരിക്കണമെന്നാണ് യുപി കോൺഗ്രസ് നേതൃത്വത്തിൻ്റെ. സംസ്ഥാനത്ത് രാഹുൽ മത്സരിക്കുന്നത് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് ഊർജമേകുമെന്നാണു വാദം. സോണിയ ഗാന്ധി ഒഴിഞ്ഞതോടെ റായ്ബറേലിയിൽ പ്രിയങ്കയെക്കാൾ മികച്ച സ്ഥാനാർഥിയില്ലെന്നാണ് സംസ്ഥാന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിൽ ഇതിനോടകം തന്നെ പ്രിയങ്കയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അമേഠിയിൽ 2019ൽ രാഹുലിനെ തോൽപിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കുറിയും ബിജെപി സ്ഥാനാർത്ഥി. അമേഠിയിൽ തന്നെ മത്സരിക്കാൻ രാഹുലിനെ സ്മൃതി വെല്ലുവിളിച്ചിട്ടുണ്ട്.