ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഉത്തരകാശിയിലെ തുരങ്കം തകര്‍ന്നത്. ഒരു ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്നും അവര്‍ക്ക് ആവശ്യമായ ഓക്‌സിജനും വെള്ളവും എത്തിച്ചതായും അധികൃതര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
read also…വീട്ടുവളപ്പിൽ ആട് കയറി; അയൽവാസിയായ സ്ത്രീയെയും മകനെയും മർദിച്ച വിമുക്തഭടൻ അറസ്റ്റിൽ
സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിനകത്തേയ്ക്കുള്ള വഴി ശരിയാക്കാനുള്ള ശ്രമം നടക്കുന്നത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളും സുരക്ഷിതരാണെന്ന് ഉത്തരകാശി സര്‍ക്കിള്‍ ഓഫീസര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. അവര്‍ക്ക് ആവശ്യമായ വെള്ളവും ഓക്‌സിജനും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളുമായുള്ള ആശയവിനിമയ ബന്ധം ഇന്നലെ തന്നെ സ്ഥാപിച്ചിരുന്നു.അവശിഷ്ടങ്ങള്‍ മാറ്റി തുരങ്കത്തിന്റെ 15 മീറ്റര്‍ ഉള്‍ഭാഗത്തേയ്ക്ക് വരെ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം 35 മീറ്ററിലെ അവശിഷ്ടങ്ങള്‍ കൂടി മാറ്റേണ്ടതുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.