'രണ്ടാഴ്ച സമയം, അതിനകം നടപടി വേണം'; അന്ത്യശാസനവുമായി സച്ചിന്‍ പൈലറ്റ്

google news
sachin pilot

ജയ്പൂര്‍:  ഹൈക്കമാന്‍ഡിനും പിസിസി നേതൃത്വത്തിനും അന്ത്യശാസനവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. താന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഈ മാസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് സച്ചിന്‍ പൈലറ്റ് മുന്നറിയിപ്പ് നല്‍കി.

അജ്മീരില്‍ നിന്നും ജയ്പൂരിലേക്ക് നടത്തിയ അഞ്ചുദിവസം നീണ്ട പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പദയാത്ര. 

രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ പിരിച്ചുവിടണം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മുന്‍ ബിജെപി സര്‍ക്കാരിനെതിരെ താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം വേണമെന്നും സച്ചിന്‍ പറഞ്ഞു. ഇതെല്ലാം ഉന്നയിക്കുന്നത് കാരണമുണ്ടാകുന്ന എന്ത് നഷ്ടവും സഹിക്കാന്‍ താന്‍ തയ്യാറാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നത് തുടരും. തന്റെ അവസാനശ്വാസം വരെ ജനങ്ങളെ സേവിക്കുമെന്നും സച്ചിന്‍ പറഞ്ഞു. 

എന്നാല്‍ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ അഴിമതി മറച്ചുവയ്ക്കാന്‍ താന്‍ സഹായിക്കുകയാണെന്ന ആരോപണം ഗെഹ് ലോട്ട് നിഷേധിച്ചു. ഒരിക്കല്‍ പോലും വസുന്ധരയുടെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനിടെ പരമാവധി 15 തവണ മാത്രമാണു വസുന്ധരയോട് സംസാരിച്ചിട്ടുള്ളത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Tags