ബാംഗ്ലൂർ: ദിഗംബർ ജൈന സന്യാസി ആചാര്യ ശ്രീ കാമകുമാര നന്ദി മഹാരാജിന്‍റെ കൊലപാതകത്തിന് കാരണം കോൺഗ്രസിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങളാണെന്ന ആരോപണവുമായി വിശ്വ ഹിന്ദു പരിഷത് (വി.എച്ച്.പി). കൊലപാതകികൾക്ക് സർക്കാർ വധശിക്ഷ ഉറപ്പാക്കണമെന്നും വി.എച്ച്.പി പറഞ്ഞു. സന്യാസിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. ജൈന സന്യാസിയുടെ കൊലപാതകം രാജ്യത്തെ ആത്മീയവും മതപരവുമായ സാഹോദര്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ത് പരാണ്ഡെ കൂട്ടിച്ചേർത്തു.
Read More: മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ വൻ പ്രതിഷേധം
“രാജ്യത്ത് അഹിംസയുടെ പാഠങ്ങൾ പഠിപ്പിച്ച ഒരു സന്യാസിയെ തട്ടിക്കൊണ്ടുപോകുന്നു. അദ്ദേഹത്തെ അതിക്രൂരമായി കൊലപ്പെടുത്തുന്നു, കഷണങ്ങളാക്കി മുറിച്ച ശേഷം കിണറ്റിൽ തള്ളുന്നു. പുണ്യമായ ഒരു ശരീരത്തെ ജിഹാദികൾ ഇപ്രകാരം ആക്രമിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കോൺഗ്രസ് സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങളാണ്. സംസ്ഥാനത്ത് എന്ന് മുതൽ പുതിയ സർക്കാർ ഗോവധ വിരുദ്ധ നിയമവും മതപരിവർത്തന നിയമവും ഇല്ലാതാക്കുന്നതിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയോ അന്ന് മുതൽ സംസ്ഥാനത്ത് മതവിരുദ്ധ-ദേശവിരുദ്ധ ശക്തികളുടെ എണ്ണവും വർധിച്ചു” – അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയങ്ങൾ കാരണം സാധാരണക്കാരൻ ഇന്ന് സംസ്ഥാനത്ത് സുരക്ഷിതരല്ല. ആരെങ്കിലും അങ്ങനെ സ്വതന്ത്രമായി സംസ്ഥാനത്ത് വിഹരിക്കുന്നുണ്ടെങ്കിൽ അത് ജിഹാദികളോ തീവ്രവാദികളോ ആയിരിക്കുമെന്നും പരാണ്ഡെ കൂട്ടിച്ചേർത്തു. കൊലപാതകത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്.
നാരായണ ബസപ്പ മാഡി, ഹസ്സൻ ദളയത്ത് എന്നീ രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും, അന്വേഷണം ഊർജിതമാക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആവശ്യപ്പെട്ടു. സന്യാസിമാർക്കും ദർശകർക്കും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം സർക്കാരിനോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം