ന്യൂഡൽഹി∙ അർധരാത്രിയോടെ ഗുജറാത്ത് തീരത്ത് പൂർണതോതിൽ ആഞ്ഞടിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തിന് 50 കിലോമീറ്റർ വ്യാസമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധർ. ചുഴലിക്കാറ്റിന്റെ മധ്യഭാഗം ‘കണ്ണ്’ എന്നാണ് അറിയിപ്പെടുന്നത്. മുൻഭാഗം കരയിലേക്ക് എത്തുമ്പോൾ ശക്തമായ കാറ്റുണ്ടാകും. ഇതിനുശേഷം അൽപനേരം കാറ്റു നിലയ്ക്കും. എന്നാൽ ചുഴലിക്കാറ്റ് അവസാനിച്ചതായി അപ്പോൾ തെറ്റിദ്ധരിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു. പിൻഭാഗം പ്രവേശിക്കുമ്പോൾ വീണ്ടും ശക്തമായ കാറ്റും മഴയുമുണ്ടാകും. അറിയിപ്പുണ്ടാകും വരെ ആരും പുറത്തിറങ്ങരുതെന്ന് അദ്ദേഹം നിർദേശം നൽകി.
അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ബിപോർജോയ് ചുഴലിക്കാറ്റ് കരതൊടുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഈ പ്രക്രിയ പൂർത്തിയാകുന്നത്. കരയിൽനിന്നു 70 കിലോമീറ്ററോളം അകലെയാണ് നിലവിൽ ചുഴലിക്കാറ്റ്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് ഇതു നീങ്ങുന്നത്.
നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെയാണ്. പൂർണമായും തീരും തൊടുമ്പോൾ മണിക്കൂറിൽ 115-125 കിലോമീറ്റർ വേഗത കൈവരിക്കും. ജഖാവു തുറമുഖത്തിനു സമീപം സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാന്‍ തീരത്തുമായാണ് ബിപോർജോയ് ചുഴലിക്കാറ്റ് ആഞ്ഞുവീശുക. നിലവിൽ ഗുജറാത്ത് സംസ്ഥാനത്താകെ കനത്ത മഴയും കാറ്റുമാണ്. ഇതിന്റെ തോത് ഇനിയും വർധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഏകദേശം ഒരു ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 18 സംഘങ്ങൾ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആർഎഫ്) 12 സംഘങ്ങൾ, സംസ്ഥാന റോഡ് ആൻഡ് ബിൽഡിങ് വകുപ്പിന്റെ 115 സംഘങ്ങൾ, സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 സംഘങ്ങൾ എന്നിവ തീരദേശ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവ സജ്ജമാണമെന്ന് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം