സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി, ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം; നാലുപേര്‍ അറസ്റ്റില്‍

google news
rape

ബംഗളൂരു : സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരുന്ന യുവതിയെ ബലമായി തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ ബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റിലായി. മാര്‍ച്ച് 25ന് കോറമംഗലയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കിലാണ് സംഭവം. 

ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ യുവതിയാണ് ക്രൂരമായ പീഡനത്തിനിരയായത്. രാത്രി വൈകി ഇരുവരും സംസാരിച്ചിരിക്കവെ അജ്ഞാതനായ ഒരാളെത്തി യുവതിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ കൂടി എത്തി യുവതിയോട് തട്ടിക്കയറുകയായിരുന്നു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെ നാല് പേരും ചേര്‍ന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതിനുശേഷം, യുവതിയെ ബലമായി വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന വാഹനത്തില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. 

പുലര്‍ച്ചയോടെ ശാരീരികമായി അവശയായ യുവതിയെ അവരുടെ വീടിന് സമീപത്തായി അക്രമിസംഘം ഇറക്കിവിട്ടു. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, കേസില്‍ നാല് പേരെയും അറസ്റ്റ് ചെയ്തതായി ബംഗളൂരു പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സി കെ ബാബ പറഞ്ഞു. അക്രമത്തിന് ഇരയായ യുവതി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.


 

Tags