മേഘാലയ: യുവാവിനെ ഷില്ലോങിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ഗുവാഹാട്ടിയില്‍ താമസക്കാരനായ സിജോ ജോസഫി(47)നെയാണ് ഷില്ലോങ് പോലീസ് ബസാറിലെ ‘അസംബ്ലി’ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. ഇദ്ദേഹം മലയാളിയാണെന്നാണ് പോലീസിന്റെ സംശയം.
ഹോട്ടലില്‍ മുറിയെടുത്ത യുവാവിനെ പുറത്തുകാണാത്തതിനാല്‍ ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് യുവാവിനെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടത്. അമിതമായ അളവില്‍ മരുന്ന് കഴിച്ചതാകാം മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍നിന്ന് മരുന്ന് കുപ്പികളും കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, യുവാവിന്റെ ബന്ധുക്കള്‍ക്കായി പോലീസ് ഗുവാഹാട്ടിയില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. മുറിയില്‍നിന്ന് കിട്ടിയ ആധാര്‍ കാര്‍ഡില്‍നിന്നാണ് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞത്. യുവാവ് മലയാളിയാണെന്ന സംശയത്തെത്തുടര്‍ന്ന് ബന്ധുക്കളെ കണ്ടെത്താനായി ഷില്ലോങിലെ മലയാളി അസോസിയേഷന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
ഗുവാഹാട്ടി വിലാസത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഒരു വളര്‍ത്തുനായയെ മാത്രമാണ് വീട്ടില്‍ കണ്ടതെന്ന് ഷില്ലോങ്ങിലെ മലയാളി അസോസിയേഷന്‍ ഭാരവാഹിയായ പ്രദീപ് പിള്ള മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സഹായംതേടി പോലീസ് ഗുവാഹാട്ടിയിലെ മലയാളി അസോസിയേഷനുമായി ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, ഇങ്ങനെ ഒരാളെ അവിടെ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. പള്ളി അധികൃതരോട് തിരക്കിയിട്ടും ബന്ധുക്കളെ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.