×

കേന്ദ്ര അവഗണനക്കെതിരെ നാളെ ഡല്‍ഹിയില്‍ ഇടതു പ്രതിഷേധം

google news
C
ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 11നു ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നീ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
   
മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഇന്നലെ ഡല്‍ഹിയിലെത്തി. ബാക്കിയുള്ളവര്‍ ഇന്നെത്തും. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. യുഡിഎഫിനെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ല.
   
കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ക്ഷണിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു ജയരാജന്‍ പറഞ്ഞു. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ വൈകിട്ട് 4 മുതല്‍ 6 വരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പഞ്ചായത്ത് തലത്തിൽ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
 
 

Tags