×

നവകേരള സദസില്‍ ഉയര്‍ന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ നീക്കി വച്ചത് ആയിരം കോടി രൂപ- മന്ത്രി പി.പ്രസാദ്

google news
.

ആലപ്പുഴ: നവകേരള സദസ്സില്‍ എന്താണ് നടക്കുന്നത് എന്ന ആശങ്കയുണ്ടായവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി വരുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. നവകേരള സദസ്സിലെ ഓരോ മണ്ഡലങ്ങളില്‍ നിന്നും  ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി നടപ്പിലാക്കുന്നതിനായി ആയിരം കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചു.

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി തന്നെ നേരിട്ട് പങ്കെടുക്കുന്ന ജില്ലയിലെ മുഖാമുഖം പരിപാടിയുടെ സംഘാടക സമിതിയോഗം ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നവകേരള സദസ്സ് സാധാരണ ജനങ്ങളുടെ അപേക്ഷകള്‍ക്ക് വി.ഐ.പി. പരിഗണന നല്‍കിയതായി മന്ത്രി പറഞ്ഞു. സദസില്‍ ലഭിച്ച എല്ലാ പരാതികളിലും സാധ്യമായ തീര്‍പ്പാക്കല്‍ തുടരുകയാണ്. ഇതിനായി ഒരു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഓരോ ജില്ലക്കായും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്ന മുഖാമുഖം പരിപാടി ആലപ്പുഴയില്‍ മാര്‍ച്ച് രണ്ടിന് കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒമ്പതരയ്ക്കാണ് നടക്കുക. സംസ്ഥാനത്തിന്‍രെ വിവിധ ഭാഗങ്ങളില്‍  നിന്നുള്ള കര്‍ഷകര്‍, മത്സ്യകൃഷി, കൂണ്‍ കൃഷി, പച്ചക്കറി കൃഷി, നെല്‍കൃഷി, ജൈവകൃഷി തുടങ്ങി വിവിധ കാര്‍ഷിക മേഖലയിലുള്ള എല്ലാവരെയും പങ്കെടുപ്പിക്കും. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കര്‍ഷകത്തൊഴിലാളികള്‍,ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍, വനിതാ കൃഷിക്കാര്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭകര്‍,കയറ്റുമതിക്കാര്‍, മൂല്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ തുടങ്ങി എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തും.

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ്,ഡയറി വകുപ്പ്,  പ്രാഥമിക കര്‍ഷക സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളും പങ്കെടുക്കും. നവകേരള സദസ്സുപോലെ തന്നെ, സര്‍ക്കാര്‍ പണം ചെലവഴിച്ചു കൊണ്ടല്ലാത്ത പരിപാടിയായിരിക്കുമിതെന്നും മന്ത്രി പറഞ്ഞു. വിപുലമായ രീതിയിലുള്ള കാര്‍ഷിക പ്രദര്‍ശനം കൂടി ഉണ്ടാവും. മുഖ്യമന്ത്രിയുടെ മുഖാമുഖത്തില്‍ അവലോകനം ചെയ്യപ്പെടുന്ന ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായി. എച്ച്. സലാം എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, കൃഷി വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവറാവു, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവ പ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മഹീന്ദ്രന്‍, ഷീബ രാകേഷ്, വി.ജി. മോഹനന്‍, രുഗ്മിണി രാജു, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ആര്‍. നാസര്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍, കെ.എല്‍.ഡി.സി. ചെയര്‍മാന്‍ പി.വി. സത്യനേശന്‍, കെ.ജി. പത്മകുമാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്, കൃഷി വകുപ്പ് എഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംഘാടക സമിതി

മന്ത്രിമാരായ സജി ചെറിയാന്‍, ജെ. ചിഞ്ചു റാണി, എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി പി. പ്രസാദ് ജനറല്‍ കമ്മിറ്റി ചെയര്‍മാനും ജില്ലയിലെ എം.എല്‍.എ.മാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, യു. പ്രതിഭ, എം. എസ്. അരുണ്‍ കുമാര്‍, രമേശ് ചെന്നിത്തല, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍, മുന്‍ എം.എല്‍.എ. ടി.ജെ. ആഞ്ചലോസ് വി.സി. ഫ്രാന്‍സിസ്, എന്നിവര്‍ വൈസ് ചെയര്‍പേഴ്സണ്‍മാരാകും. ഡോ. ബി. അശോക് ജനറല്‍ കമ്മിറ്റി കണ്‍വീനറും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ട്രഷററുമാകും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags