വിഴിഞ്ഞം: 335 കുടുംബങ്ങൾക്ക് 5500 രൂപ മാസവാടക നൽകുമെന്ന് സർക്കാർ; മുട്ടത്തറയിൽ ഫ്ലാറ്റ്

vizhinjam
 

തിരുവനന്തപുരം: വിഴിഞ്ഞത്തെ 335 കുടുംബങ്ങൾക്ക് 5500 രൂപ പ്രതിമാസം വാടക നല്‍കും. മുട്ടത്തറയിൽ കണ്ടെത്തിയ സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കും. ഇതിനായി നിർമ്മാതാക്കളുടെ ടെൻഡർ വിളിക്കും. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കും. പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനം.
 
എന്നാൽ മന്ത്രിസഭ തീരുമാനിച്ച വീട്ടുവാടക അപര്യാപ്തമാണെന്നും തിരുവനന്തപുരം കോർപറേഷനിൽ 5500 രൂപയ്ക്ക് വീട് കിട്ടില്ലെന്നും വിഴിഞ്ഞം സമരസമിതി ചൂണ്ടിക്കാട്ടി. സർക്കാർ പാക്കേജ് അംഗീകരിക്കുന്നില്ലെന്ന് ലത്തീൻ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ് വ്യക്തമാക്കി.

കൂടുതൽ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്നവന്റെ വാക്ക് കേട്ട് തീരുമാനിക്കുന്ന കോടതി വിധി തങ്ങൾ സ്വീകരിക്കില്ലെന്നും വിളപ്പിൽശാലയിലും കർഷക സമരത്തിലും കോടതി വിധി എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞത്ത് ഒരു കല്ല് ഇടണമെങ്കിൽ തങ്ങളടെ പുറത്തുകൂടെ അവരുടെ ക്രെയിൻ കയറിയിറങ്ങേണ്ടി വരുമെന്നും അധികാരത്തിൽ കയറ്റിയ തങ്ങൾക്ക് ഇറക്കാനുമറിയാമെന്നും ഫാ. തീയോഡോഷ്യസ് പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. അതീവ സുരക്ഷാ മേഖലയിൽ ആയിരത്തില്‍ അധികം സമരക്കാർ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും കോടതിയെ അറിയിച്ചു. സമരത്തിന്‍റെ പേരിൽ നിർമ്മാണം നിർത്തിവെക്കാനാകില്ലെന്ന് സർക്കാരും നിലപാടെടുത്തു. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സമരക്കാർക്ക് എതിരെ സ്വീകരിക്കാനികില്ലെന്നും സർക്കാർ വ്യക്തമാക്കി.