×

തമിഴ്‌നാട്ടിലെ ബസ് അപകടം: കെഎസ്ആർടിസി ഡ്രൈവർ മരിച്ചു; 34 പേര്‍ക്ക് പരുക്ക്

google news
asas

കന്യാകുമാരി: കന്യാകുമാരി മാര്‍ത്താണ്ഡത്ത് കെഎസ്ആര്‍ടിസി ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അപകടത്തിൽ 34 പേർക്ക് പരിക്കേറ്റിരിക്കുകയാണ്. തമിഴ്‌നാട് ബസിന്റെ ഡ്രൈവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച മാര്‍ത്താണ്ഡം ഫ്‌ളൈ ഓവറിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. മുമ്പിലുള്ള ടോറസ് ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് തമിഴ്‌നാട് ബസിൽ ഇടിക്കുകയായിരുന്നു.

തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് ബസ്സിന്റെ മുൻവശം തകർന്നിട്ടുണ്ട്. കെഎസ്ആർടിസിയുടെ മുൻവശവും ചെറുതായി തകർന്നിട്ടുണ്ട്.
 
അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പത്തോളം യാത്രക്കാരെ കുഴിത്തുറൈ താലൂക്ക് ആശുപത്രിയിലും 25ഓളം പേരെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.  സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.