×

കോഴിക്കോട് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

google news
Sb
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. കാറിനുള്ളില്‍ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി.കോഴിക്കോട് കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്തുന്നതിനായി ബെംഗളൂരുവില്‍ നിന്നും കാറില്‍ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് (39), മുഹമ്മദ് ഫൈസല്‍ (36), എന്നിവരാണ് ഇന്ന് പിടിയിലായത്.
    
കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അനുജ് പൈവാള്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസും ആന്റി നാര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സംഘം പിടിയിലാകുന്നത്. പുതുവത്സരാഘോഷത്തിന്റെ മറവില്‍ വൻതോതില്‍ ഉള്ള ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
      
കോഴിക്കോട് നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവില്‍ കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡില്‍ എസ്. ബി. ഐ ബാങ്കിന് സമീപമുള്ള പേ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു കാറില്‍ കഞ്ചാവുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസെത്തുമ്ബോള്‍ പ്രതികള്‍ കാറിനുള്ളിലായിരുന്നു. 
    
   
കാര്‍ വളഞ്ഞ പൊലീസ് പ്രതികളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. വലിയ ബാഗുകളിലായി പൊതിഞ്ഞ് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികള്‍ ബെംഗളൂരുവില്‍ നിന്നും കഞ്ചാവ് വാങ്ങിയ സംഘത്തെക്കുറിച്ചടക്കം അന്വേഷണത്തിലാണെന്നും കഞ്ചാവ് കേരളത്തിലെത്തിച്ചതില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ച്‌ വരികയാണെന്നും പൊലീസ് അറിയിച്ചു.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു