തള്ളാനും കൊള്ളാനും കഴിയാതെ എഐസിസി; തരൂരിനെ ചൊല്ലി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം

tharoor
 

ന്യൂ ഡല്‍ഹി: ശശി തരൂര്‍ എംപിയെ ചൊല്ലി എഐസിസി നേതൃത്വത്തില്‍ ഭിന്നാഭിപ്രായം. പ്രവര്‍ത്തക സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ നിലപാടെടുക്കാനാകാതെ നേതൃത്വം. കടുത്ത അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തെത്തുമ്പോള്‍ അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ് ശശി തരൂരും.

താന്‍ മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ചിട്ടില്ലെന്നും ആര് എന്തു പറഞ്ഞാലും പ്രശ്‌നമില്ലെന്നും നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ ക്ഷണം കിട്ടുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

അതേസമയം, കടുത്ത നിലപാടിലേക്ക് കടന്നാല്‍ ജനവികാരത്തിന് എതിരാകുമെന്നാണ് എഐസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്ഥിതി ഇത്രത്തോളം വഷളായിട്ടും ഒരു വിശദീകരണം പോലും തരൂരിനോട് തേടാന്‍ മടിക്കുന്നതും അതുകൊണ്ടാണ്. മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കെ മുരളീധരന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍ അടക്കമുള്ളവര്‍ തരൂരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതില്‍ പാര്‍ട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂര്‍ വിശദീകരിച്ചു.