എ.കെ.ജി സെന്റർ ആക്രമണം ; അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്കെന്ന് ക്രൈംബ്രാഞ്ച്;ശരിവെച്ച് ഡിവൈഎഫ്‌ഐ

akg
 

എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ  അന്വേഷണം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കഴക്കൂട്ടം - മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ്  പിന്നിലെന്ന നിഗമനമാണ്  ക്രൈം ബ്രാഞ്ചിന്. സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. 

അതേസമയം ക്രൈംബ്രാഞ്ചിന്റെ ഈ വെളിപ്പെടുത്തലിനു പിന്നാലെ  എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസിന് വ്യക്തമായ പങ്കുണ്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആരോപിച്ചു. കെസിപിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തതായും ഡിവൈഎഫ്ഐ ആരോപിച്ചു. 

ആദ്യം ബോംബ് സ്ഫോടനമെന്നായിരുന്നു പ്രചാരണമെങ്കിലും പിന്നീട് പരിശോധനകളിൽ പടക്കമാണ് എറിഞ്ഞതെന്ന് സ്ഥിരീകരിച്ചു. നൂറുകണക്കിന് ഫോൺകോളുകൾ പരിശോധിച്ചു. മൊബൈൽ കോൾ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിട്ടും പ്രതിയിലേക്ക് എത്താനാകാത്തത് പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ വീഴ്ചയാണ്.