ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശം;മൊബൈൽ ഫോൺ കാണാനില്ല;ഹർജി ഇന്ന് ഹൈക്കോടതിയിൽ

basheer case
 മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്മാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനാലാണ്  ഹൈക്കോടതിയിൽ ഹർജി നൽകിയത് . ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്. ശ്രീറാമിന്റെ അവിഹിത ബന്ധത്തിന്റെ തെളിവ് ബഷീറിന്റെ കൈവശമുണ്ടായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് മരണത്തിലേക്ക് എത്തിച്ചതെന്നും ഹര്‍ജിയില്‍ ആരോപണം. 

അപകട ദിവസം കെ.എം. ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. ശ്രീറാം വെങ്കിട്ടരാമന്‍ ഉന്നത തലത്തില്‍ ബന്ധമുള്ള ഐഎഎസ് ഓഫീസര്‍ ആയതിനാല്‍ പൊലീസിന്റെ സഹായമുണ്ടെന്നും ഹർജിയിൽ പറയുന്നു. അന്വേഷണം വഴിതിരിച്ചുവിട്ടേക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്. 

പ്രോസിക്യൂഷനും  പ്രതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. നിലവിലെ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണമാണ്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ല. അതുകൊണ്ടുതന്നെ കേസ് സിബിഐ അന്വേഷിക്കണം. ബഷീറിന്റെ മരണത്തില്‍ ചില ദുരൂഹതകളുണ്ട്. എല്ലാ സംശയങ്ങളും നീങ്ങുന്നതിന് സിബിഐ അന്വേഷണം വേണമെന്നും ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.