'സുധാകരൻ സംഘപരിവാറിന് കുഴലൂതുന്നു, പ്രഖ്യാപിച്ചത് ആർഎസ്എസിന്‍റെ ഉള്ളിലിരിപ്പ്' : സിപിഎം

k sudhakaran
 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം. കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ ഉള്ളിലിരിപ്പാണ് കെ സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചത്. സുധാകരന്‍ സംഘപരിവാറിന് കുഴലൂതുകയാണെന്നും സി.പി.എം. കുറ്റപ്പെടുത്തി.
  
ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടാൻ നിർദ്ദേശിക്കണമെന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണോയെന്നാണ് സിപിഎം ഉയർത്തുന്ന ചോദ്യം.

'നേരത്തെ തന്നെ ബി.ജെ.പിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ. സുധാകരനാണ് ഇപ്പോള്‍ ആര്‍.എസ്.എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി. വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി. പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.'- സെക്രട്ടേറിയേറ്റ് ആരോപിച്ചു.

ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ്.ആര്‍. ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി മനസ്സിലാക്കാതയാണ് സുധാകരന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ പരാമര്‍ശം സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.

സ്വർണക്കടത്ത് കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് സുധാകരൻ, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സ്വർണ്ണക്കടത്തിൽ ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നുമാണ് സുധാകരൻ പറഞ്ഞത്. പിരിച്ചുവിടൽ നടപടിയില്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവ് ഇടാനെങ്കിലും കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും സുധാരകരൻ ആവശ്യപ്പെട്ടിരുന്നു.