മുസ്‌ലിം ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ല; ലീഗില്ലാതെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്: ഇ.പി ജയരാജൻ

ep
 

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും ലീഗില്ലാതെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയതും തുടർഭരണം നേടിയതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വിശദീകരണം. ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ചത് വിവാദമായതോടെയാണ് വിശദീകരണം.

എൽഡിഎഫിന്റെ നിയമസഭയിലെ സീറ്റു നില 91ൽ നിന്നും 99 ആയി ഉയർന്നു. എൽഡിഎഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽ പേർ വരുന്നുണ്ട്. ഇതിൽ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തിൽ എൽഡിഎഫ് വിപുലീകരിക്കപ്പെടും. വർഗീയ ഭീകരതയ്ക്കും ബിജെപിയുടെ ദുർഭരണത്തിനുമെതിരെ രാജ്യത്ത് വിശാല ഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിനു കേരളം മാതൃകയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

നേരത്തെ, ഇ.പി.ജയരാജന്‍ ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ച പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയിരുന്നു. ഇ.പി.ജയരാജന്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കി. മുന്നണി വിപുലീകരണമല്ല എൽഡിഎഫിന്റെ അടിയന്തര ലക്ഷ്യം. ഭാവിയിൽ പ്രതികരണം നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.


യുഡിഎഫ് വിട്ടുവന്നാലും ലീഗിനെ മുന്നണിയിൽ ഉൾപ്പെടുത്തില്ലെന്നായിരുന്നു സംസ്ഥാന സമ്മേളനത്തിലെ തീരുമാനം. മുന്നണി വിപുലീകരണം ഇപ്പോൾ വേണ്ടെന്നും സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. തെറ്റു മനസിലായതോടെ ജയരാജൻ പ്രസ്താവന തിരുത്തി. ലീഗിനെ എൽഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.