ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും; സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെല്ലാം നിയമമാകില്ലെന്ന് ഗവര്‍ണര്‍

arif

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിന് ചാൻസലറെ മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. യുജിസി മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമത്തിന് മുകളിലാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.  

സര്‍ക്കാരാണ് പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങിയത്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടാതിരുന്നാല്‍ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതില്‍ വിഷമമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൈരളിയും മീഡിയ വണ്ണും തന്നെ ഉന്നമിട്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് അതേ ഭഷയില്‍ മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ വിദശീകരിച്ചു. 

മുഖ്യമന്ത്രി സംസാരിക്കുന്നത് ഭീകരവാദിയുടെ ഭാഷയിലാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീഷണിക്ക് വഴങ്ങില്ല. വെല്ലുവിളിക്കുന്നവർക്ക് മനസ്സിലാകുന്ന ഭാഷയിൽത്തന്നെ തിരിച്ചുപറയും. ഇങ്ങോട്ടു പറയുന്ന അതേ ഭാഷയിൽ മറുപടി നൽകിയാലേ ഇത്തരക്കാർക്ക് മനസ്സിലാകൂ. പ്രത്യാഘാതം ഗുരുതരമായാലും പിന്നോട്ടില്ല. ഒട്ടും ബഹുമാനമില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.


സ്വന്തം ഓഫീസിലെ കാര്യംപോലും നോക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി പിന്നെങ്ങനെയാണ് ഒരു സംസ്ഥാനം ഭരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. കേരളത്തില്‍ നടക്കുന്നത് കേഡര്‍ ഭരണമാണ്. ഗവണ്‍മെന്റ് ഓഫ് ദി കേഡര്‍, ബൈ ദി കേഡര്‍, ഫോര്‍ ദി കേഡര്‍ എന്നതാണ് സംസ്ഥാനത്തെ അവസ്ഥയെന്നും അദ്ദേഹം വിമര്‍ശിച്ചു. 
കേരളത്തില്‍ നിന്നാല്‍ ജോലി ലഭിക്കില്ലെന്ന് മനസ്സിലായതുകൊണ്ടാണ് മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോകുന്നതെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭയിലെ തസ്തികകള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ അറിയിച്ചുവെന്ന വിവാദത്തില്‍ തനിക്ക് അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് നിയമപരമായി ഇടപെടാന്‍ കഴിയാത്ത പല കാര്യങ്ങളുമുണ്ട്. അത് കേരളത്തിലെ ജനങ്ങളെ അറിയിക്കുകയെന്നതാണ് ചെയ്യാന്‍ കഴിയുകയെന്നതും അത് തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

  
സര്‍ക്കാര്‍ ഉപയോഗിക്കുന്നത് മാഫിയയുടെ ഭാഷയാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ മാഫിയയോടാണ് പോരാടുന്നത്. നിരന്തരം തന്നെ ഭീഷണിപ്പെടുത്തുകയാണ് സര്‍ക്കാര്‍. ഭയപ്പെടുത്തുന്നത് മാഫിയയുടെ പണിയാണ്. നിങ്ങളുടെ ജോലിയെ തടയുന്നത് മാഫിയയാണ്. അതുകൊണ്ടാണ് സര്‍ക്കാരിനെ അങ്ങനെ അഭിസംബോധന ചെയ്യുന്നത്, ഗവർണർ പറഞ്ഞു.
 
അതേസമയം, ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാൻ സർക്കാർ ഓർഡിനൻസ് ഇറക്കും. ഗവർണർക്ക് പകരം വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരെ വിവിധ സർവകലാശാലകളിൽ ചാന്‍സലറായി നിയമിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഗവ‍ർണറെ വെട്ടാനുള്ള ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. നിയമ സർവകലാശാല ഒഴികെ സംസ്ഥാനത്തെ 14 സർവകലാശാലകളുടേയും ചാന്‍സലർ നിലവില്‍ ഗവർണറാണ്. 14 സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഓ‌ർഡിനൻസ് വഴി ഭേദഗതി കൊണ്ട് വന്നാണ് ഗവർണറെ പുറത്താക്കുന്നത്. ഗവർണർക്ക് പകരം അക്കാദമിക് രംഗത്തെ വിദഗ്ധരെ ചാന്‍സലറാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.