കെ.കെ. ശൈലജ വീണ്ടും മന്ത്രിയായേക്കും, എം.ബി രാജേഷിനും സാധ്യത; മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്

kk
തിരുവനന്തപുരം: മന്ത്രി എം.വി. ഗോവിന്ദൻ സി.പി.എം സംസ്​ഥാന സെ​ക്രട്ടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീണ്ടും മന്ത്രിയായേക്കും. സ്​പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്​ഥാനത്തേക്ക്​ പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്​. എ.സി. മൊയ്​തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്​.

മന്ത്രിസഭാ വികസനം സംബന്ധിച്ച്​ അടുത്ത സി.പി.എം സെക്ര​ട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും എന്നാണ് വിവരം. മന്ത്രിസഭ അഴിച്ചുപണിക്ക്​ സംസ്​ഥാന സമിതി അംഗങ്ങൾ അനുമതി നൽകിയതായാണ്​ വിവരം. അതോടൊപ്പം വീണ ജോർജ്​ സ്​പീക്കറാകുമെന്നും റിപ്പോർട്ടുണ്ട്​. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്​. 

കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാരുടെ മോശം പ്രകടനത്തെ കുറിച്ച് പരാമർശങ്ങൾ ഉയർന്നിരുന്നു. ഇതും മന്ത്രിസഭാ പുനഃസംഘടനക്ക് കാരണമായേക്കും. മന്ത്രിമാരിൽ ചിലർക്കെതിരെ സി.പി.എമ്മിനുള്ളിൽ നിന്നും ഘടകകക്ഷിയായ സി.പി.ഐയും വിമർശനമുന്നയിച്ചിരുന്നു.