തിരുവനന്തപുരം: മന്ത്രി എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീണ്ടും മന്ത്രിയായേക്കും. സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. എ.സി. മൊയ്തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്.
മന്ത്രിസഭാ വികസനം സംബന്ധിച്ച് അടുത്ത സി.പി.എം സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും എന്നാണ് വിവരം. മന്ത്രിസഭ അഴിച്ചുപണിക്ക് സംസ്ഥാന സമിതി അംഗങ്ങൾ അനുമതി നൽകിയതായാണ് വിവരം. അതോടൊപ്പം വീണ ജോർജ് സ്പീക്കറാകുമെന്നും റിപ്പോർട്ടുണ്ട്. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ മന്ത്രിമാരുടെ മോശം പ്രകടനത്തെ കുറിച്ച് പരാമർശങ്ങൾ ഉയർന്നിരുന്നു. ഇതും മന്ത്രിസഭാ പുനഃസംഘടനക്ക് കാരണമായേക്കും. മന്ത്രിമാരിൽ ചിലർക്കെതിരെ സി.പി.എമ്മിനുള്ളിൽ നിന്നും ഘടകകക്ഷിയായ സി.പി.ഐയും വിമർശനമുന്നയിച്ചിരുന്നു.