തിരുവനന്തപുരം: സാഹിത്യകാരന് സതീഷ് ബാബു പയ്യന്നൂരിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 59 വയസ്സായിരുന്നു. വഞ്ചിയൂര്‍ മാതൃഭൂമി റോഡിലുള്ള ഫ്ളാറ്റില്‍ ഭാര്യക്കൊപ്പമാണ് സതീഷ് ബാബു താമസിച്ചിരുന്നത്. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
1963 ല്‍ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയില്‍ അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടര്‍ന്നു പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. വിദ്യാഭ്യാസകാലത്തു തന്നെ കഥ, കവിത, പ്രബന്ധ രചന എന്നിവയില്‍ പാടവം തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നല്കി പ്രസിദ്ധീകരിച്ചു.
പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായി. കാസര്‍കോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. 80കളില്‍ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികള്‍ വായനക്കാരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാരൂര്‍ പുരസ്കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായി.
Comments