കോട്ടയത്തിന് പിന്നാലെ ഇടുക്കിയിലും ആഫ്രിക്കന്‍ പന്നിപ്പനി; സ്ഥിരീകരിച്ചത് തൊടുപുഴയിലെ കരിമണ്ണൂരിലെ ഫാമിൽ

swine
 

ഇടുക്കി: ഇടുക്കിയിയിലും ആഫ്രിക്കൻ പന്നിപ്പനി. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ കശാപ്പും വിൽപ്പനയും നിരോധിച്ചു. 

രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും. പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 


കഴിഞ്ഞ ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലായി പാലക്കാടും തൃശൂരും വയനാട്ടിലും പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ മാസം കോട്ടയത്തും രോഗം കണ്ടെത്തിയതോടെ ജില്ലയിലെ 181 പന്നികളെയാണ് കൊന്നൊടുക്കിയത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു.